കർഷകരെ കൂടെ നിർത്താതെ  വനം സംരക്ഷിക്കാൻ കഴിയില്ല.

സി.ആർ.നീലകണ്ഠൻ

 

കേരളത്തിൻറെ പല ഭാഗത്തും നിന്നും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച വാർത്തകൾ   നിരന്തരം വന്നുകൊണ്ടിരിക്കുന്നു. മനുഷ്യജീവനും കൃഷിയിടങ്ങളും വീടും മറ്റും നശിക്കുന്നു എന്നതിനേക്കാൾ മനസമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ  ആ മേഖലകളിൽ സുഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത് പല തരത്തിൽ അപകടകരമായ , വിമാനാശകരമായ പ്രവണതയാണ്. ഇതിനു അടിയന്തര പരിഹാരം കണ്ടെത്തിയേ പറ്റൂ. ഇതിനെ കർഷകരും വനം വകുപ്പും പരിസ്ഥിതി സംഘടനകളു മൊക്കെ തമ്മിലുള്ള സംഘർഷമായി മാറ്റിക്കൊണ്ട് സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും രക്ഷപ്പെടുകയാണ്. ആൾക്കൂട്ടം പ്രതിഷേധത്തിനെ ത്തുമ്പോൾ  അതിന്റെ മുന്നിൽ നിന്നും മുദ്രാവാക്യം വിളിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഈ നേതാക്കൾ, ഈ വിഷയത്തിന്റെ അടിസ്ഥാനപ്രശ്ങ്ങൾ പരിശോധിക്കാൻ ഇന്നുവരെ  തയ്യാറായിട്ടില്ല. ഏതെങ്കിലും ഒരു ശത്രുവിനെ മുന്നിൽ ഉയർത്തിക്കാട്ടി രക്ഷപ്പെടുകയാണ് അവരെല്ലാം.' മുല്ലപെരിയാർ സിൻഡ്രോം' എന്നാണു  ഇതിനെ വിളിക്കുക. ഒരു ഘട്ടത്തിൽ കേരളമാകെ ഇളകി മറിച്ച  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിഷയത്തെ ഇന്നെത്ര പേര് ഓർക്കാറുണ്ട്? അണക്കെട്ടിന്റെ പ്രായം ഓരോ  വർഷവും കൂടുന്നു. അതുകൊണ്ട് തന്നെ അതിന്റെ അപകട സാധ്യതയും കകൂടുന്നുവെന്ന  സത്യം നമ്മൾ ഓർക്കാറില്ല. തുലാവർഷം വരുകയും അവിടെ ജലനിരപ്പ് 142 അടിക്കടുത്താകുകയും ചെയ്താൽ ഉടനെ വാർത്തകൾ വരും, പ്രസ്താവനകൾ വരും. വെള്ളം താഴ്ന്നാൽ എല്ലാവരും മറക്കും. വന്യമൃഗങ്ങളുടെ  ആക്രമണം എന്ന   പ്രശ്‌നത്തിന്റെ യഥാർത്ഥ  കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാതെ മലയായോരത്തെ മനുഷ്യർക്ക് (ഇപ്പോൾ ഇടനാട്ടിലെ മനുഷ്യരും ഇരകളാണ്) ശാശ്വതമായ സമാധാനം ഉണ്ടെകില്ല.

 

ഒന്നാമതായി ഇത് സങ്കീർണ്ണമായ ഒരു വിഷയമാണെന്ന് മനസ്സിലാക്കണം. ഇത് ഒരു പ്രാദേശികവിഷയമായി മാത്രമേ ഇപ്പോഴും നമ്മുടെ ഭരണകർത്താക്കളും മാധ്യമങ്ങളും പോലും കാണുന്നുള്ളു. മറിച്ച് ഇത് കേരളത്തെ ആകെ ബാധിക്കന്നതും ഭാവിയിൽ വലിയ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നതുമായ ഒന്നെന്നു തിരിച്ചറിയണം. വിവിധ കക്ഷികളും ( രാഷ്ട്രീയ കക്ഷികളല്ല ) താല്പര്യങ്ങളും ഇതിലുണ്ടാകും. അവയുടെ ന്യായാന്യായതകളെ പരിശോധിക്കണം. നിയമത്തിന്റെ കുരുക്കുകൾ ഉണ്ട്. പ്രശനം  എല്ലായിടത്തും എല്ലാ സമയത്തും  ഒരു പോലെയല്ല. അതുകൊണ്ട് തന്നെ പരിഹാരങ്ങളും ഒരേ രൂപത്തിലാകില്ല.  ഏതെങ്കിലും ഒറ്റമൂലി കൊണ്ട് ഇതിനു പരിഹാരവും ഉണ്ടാകില്ല.  ഇത് കേരളത്തിൽ മാത്രമുള്ള ഒരു പ്രശ്‌നമല്ല, ഇന്ത്യയുടെ  മറ്റു ഭാഗങ്ങളിലും (രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഢ്,ഛത്തീസ്‌ഗഢ്, ജാർഖണ്ഡ്  തുടങ്ങിയ സംസ്ഥാനങ്ങളിൽ)  മറ്റു പല രാജ്യങ്ങളിലും ഉള്ളതാണ്. അവിടങ്ങളിൽ ഏതൊക്കെ പരിഹാരങ്ങൾ തേടുന്നു , അവയെല്ലാം എത്രമാത്രം ഫലപ്രദമാണ് തുടങ്ങിയ   അനുഭവങ്ങളുടെ  പരിശോധനയും അനിവാര്യമാണ്. ഇവയോരോന്നും സംബന്ധിച്ചുള്ള  വിശദമായ  അന്വേഷണം  ഈ ലേഖനത്തിൽ കഴിയില്ല. എങ്കിലും ചില സൂചനകൾ മാത്രം നൽകാൻ ശ്രമിക്കാം.

കർഷകരും ആദിവാസികളുമാണ് ഇതിന്റെ പ്രത്യക്ഷ ഇരകൾ. എന്നാൽ മറ്റു ജനവിഭാങ്ങൾക്കും ഇതിന്റെ ദുരിതങ്ങൾ അനുഭവിക്കേണ്ടി   വരാറുണ്ട്. കർഷകർ ആകെയും , പ്രത്യേകിച്ചും മലയോരകര്ഷകര് ഇന്ന് നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. വിവിധ സർക്കാരുകളുടെ നയങ്ങൾ മൂലം തങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃഷിചെലവിനു ആനുപാതികമായ വില കിട്ടുന്നില്ല എന്നതിനാൽ തന്നെ സാമ്പത്തികമായി അവർ തകരുകയാണ്. ഒപ്പം കാലാവസ്ഥാമാറ്റം മൂലം കൃഷിനാശം മാത്രമല്ല ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലമുള്ള ദുരിതങ്ങളും ഉണ്ട്. അതിനെല്ലാം മീതെയാണ് കൃഷി തന്നെ അസാധ്യമാക്കുന്ന വന്യജീവി ആക്രമണങ്ങൾ വരുന്നത്. ഈ നാശം മൂലം കാർഷികവൃത്തിയിൽ നിന്നും ഒട്ടനവധി പേർ    വിട്ടു നിൽക്കുന്നു. കൃഷിഭൂമി തരിശാകുന്നു. ഒരു കർഷകസുഹൃത്ത് നൽകിയ കണക്കു ഇവിടെ കൊടുക്കാമെന്നു കരുതുന്നു. കേരളത്തിലെ  വനാതിർത്തി  ഏതാണ്ട് 16400 കി മി ആണ്. ഇതിനു ചുറ്റുമായി   ഏതാണ്ട് 3000 ചതു. കിമിയിലാണ് കൃഷി മുടങ്ങുന്നത്. അതായത്  മൂന്ന് ലക്ഷം ഹെക്ടർ. ഒരു ഹെക്ടറിൽ ഒരു ദിവസം ശരാശരി ഒരാൾക്ക് തൊഴിൽ എന്ന് കണക്കാക്കിയാൽ തന്നെ പ്രതിവർഷം നഷ്ടമാകുന്നത് 11 കോടി തൊഴിൽ ദിനങ്ങൾ. അത് സൃഷ്ടിക്കാവുന്ന സാമ്പത്തിക ചലനം കേരളത്തെ എങ്ങനെയൊക്കെ വളർത്തുമായിരുന്നു? സർക്കാരിന്റെ വരുമാനത്തിൽ തന്നെ എത്ര വർദ്ധനവ് ഉണ്ടാക്കുമായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോഴാണ് ഇത് കേരളത്തെ ആകെ ബാധിക്കുന്ന ഒരു   വിഷയമാകുന്നത്. ഇതൊരു മനുഷ്യാവകാശവിഷയമാണ് എന്നും  കണ്ട് ഇടപെടണം.

 

 എന്നാൽ ഇന്നും കേരളീയ പൊതു സമൂഹത്തിനു ഇത് ഇടക്കിടക്ക് വരുന്ന ഒരു വാർത്ത മാത്രം. അരിക്കൊമ്പൻ പോലുള്ള ചില സെൻസേഷൻ മാത്രം. ഇതിൽ മാറ്റം വരണം. വനം സരക്ഷിക്കാനുള്ള ചുമതല മുഴുവൻ സമൂഹത്തിനാണ്, കർഷകർക്ക് മാത്രമല്ല.  ഇടനാട്ടിലും തീരപ്രദേശത്തുമുള്ളവരും ഇതിന്റെ ഒരു പങ്കു വഹിക്കണം. എങ്കിൽ മാത്രമേ ഇതിനു പരിഹാരം തേടാൻ സർക്കാരും രാഷ്ട്രീയകക്ഷികളും തയ്യാറാകുകയുള്ളൂ.വന്യമൃഗങ്ങളെ മുഴുവൻ ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു പരിഹാരം ആർക്കും നിർദ്ദേശിക്കാൻ കഴിയില്ല. അത് പാരിസ്ഥിതിക സന്തുലനത്തെ തകർക്കും. വന്യമൃഗങ്ങൾ എന്നത് ഒരൊറ്റ സ്വഭാവമുള്ളവയല്ല. അവരെ വ്യത്യസ്തമായ രീതിയിൽ പരിഗണിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വനങ്ങൾക്കടുത്തു നിന്നും എല്ലാ മനുഷ്യരെയും ഒഴിപ്പിച്ചു കൊണ്ടുള്ള പരിഹാരവും നിർദ്ദേശിക്കപ്പെടാൻ പാടില്ല. വനങ്ങളും  കർഷകരും (മനുഷ്യരാകെ തന്നെയും) പരസ്പരപൂരകങ്ങളാണ്‌ എന്നതാണ് ശാസ്ത്രീയ സത്യം. രണ്ടിന്റെയും അതിജീവനം.അഥവാ സഹജീവനം സാധ്യമാകണം. അതിനുള്ള സഹിഷ്ണുത മനുഷ്യർക്കുണ്ടാകണം. കാരണം നമ്മളാണ് ആവാസവ്യവസ്ഥയിൽ ഇടപെടുന്നത്.

വന്യമൃഗങ്ങൾ എന്തുകൊണ്ട് പുറത്തേക്കു വരുന്നു എന്നത് സംബന്ധിച്ചുള്ള വ്യക്തമായ  പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. ലഭ്യമായ വിവരങ്ങൾ ഭാഗികവും പലപ്പോഴും തെറ്റും ആണ്.  ഓരോരുത്തർ തങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള വിവരങ്ങൾ ഉപയോഗിക്കുകയാണ്. രോഗവിവരങ്ങൾ കൃത്യമായി ലഭ്യമാക്കാതെ  ഒരു രോഗവും ചികിൽസിക്കാൻ കഴിയില്ല. മിക്കവാറും എല്ലാ വന്യമൃഗങ്ങളും വനത്തിനകത്തുള്ള തങ്ങളുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവയാണ്. മനുഷ്യരെ ഭയമുള്ളവയാണ്.  ആന  പോലുള്ള ചില മൃഗങ്ങൾ മാത്രമാണ് സാധാരണയായി ദീർഘദൂരം സഞ്ചരിക്കാറുള്ളത്.  എന്നിട്ടും ധാരാളം  വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നു എങ്കിൽ വനത്തിനകത്തു അവർക്കു ജീവിക്കാനാവശ്യമായ സാഹചര്യങ്ങളിൽ കുറവുണ്ടാകണം. വനത്തിന്റെ കേവല വിസ്തീർണ്ണം വർധിക്കുന്നത് കൊണ്ട് മാത്രം ഈ സാഹചര്യങ്ങൾ ഉണ്ടാകണമെന്നില്ല. വനം വകുപ്പ് തന്നെ പല രീതികളിൽ ഇവരുടെ ആവാസവ്യവസ്ഥ തകർത്തു കളഞ്ഞിട്ടുണ്ട് എന്ന് നമുക്കറിയാം. ഏറെ ചർച്ച  ചെയ്യപ്പെട്ട, വിമർശിക്കപ്പെട്ട യൂക്കാലി, അക്കേഷ്യ തുടങ്ങിയവ വനത്തിനകത്തു വളർത്തിയത് വനം വകുപ്പ് തന്നെയാണ്. മണ്ണും സസ്യവൈവിധ്യവും ജലലഭ്യതയും ഇത് മൂലം എത്ര നശിച്ചു എന്നും ഇന്ന് നമുക്കറിയാം. അങ്ങനെ വരുമ്പോൾ മൃഗങ്ങൾ വെള്ളവും ഭക്ഷണവും തേടി പുറത്തുവരാം.

ചില കേന്ദ്രങ്ങളിൾ ആവർത്തിച്ചു  പറയുന്നത് പോലെ വന്യമൃഗങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വര്ധനവുണ്ടായിട്ടുണ്ടെങ്കിൽ  അത് ശാസ്ത്രീയമായി പരിശോധിക്കണം. പഴയ കാലത്തു നായാട്ടും മറ്റും നിയന്ത്രിതമായി ഉണ്ടായിരുന്നിട്ടും വനം നിലനിന്നിരുന്നതാണ്.  അങ്ങനെ ഉണ്ടെന്നു കണ്ടെത്തിയാൽ ലോകത്തിന്റെ പല ഭാഗത്തുമെന്ന പോലെ അത്തരം വന്യമൃഗങ്ങളെ തെരഞ്ഞു പിടിച്ചു നശിപ്പിക്കുന്ന രീതികൾ തേടാൻ കഴിയും. അതിനും ഗഹനമായ  പഠനങ്ങൾ വേണം. അത് നടപ്പിലാക്കാൻ സംവിധാങ്ങൾ കാര്യക്ഷമമായിരിക്കണം. കാട്ടുപന്നികളെ നാട്ടിലിറങ്ങിയാൽ വെടിവച്ച് കൊല്ലാമെന്ന ഉത്തരവ് നിലവിലുണ്ട്. പക്ഷെ അതുകൊണ്ടോന്നും ഒരിടത്തും പന്നികളുടെ ശല്യം കാര്യമായി കുറഞ്ഞതായി കാണുന്നില്ല. നമ്മുടെ  ഭരണസംവിധാനങ്ങൾ തന്നെയാണ് പ്രശനം. വനത്തിന്റെ വിസ്തൃതി എന്നത് പോലെ പ്രധാനമാണ് അതിന്റെ തുടർച്ചയും, പ്രത്യേകിച്ചും ആനകൾ പോലുള്ള ജീവികൾക്ക്. ഇന്ന് വനങ്ങൾ വളരെയേറെ ശകലീകൃതമാണ് (fragmented) വനങ്ങൾക്കു തൊട്ടടുത്തു മനുഷ്യരുടെ ആവാസപ്രദേശങ്ങൾ നിലവിൽ വന്നത് അതാതു കാലത്തെ സർക്കാരുകളുടെ അനാസ്ഥ കൊണ്ടും അഴിമതി കൊണ്ടും അജ്ഞത കൊണ്ടുമാണ്. അതിന്റെയും ഇരകളാകുന്നത് സർക്കാർ തന്നെ മുൻകൈയെടുത്തു കൊണ്ടു വന്നവരും   അവരുടെ പുതിയ തലമുറകളുമാണ്. വനത്തിന്റെ ജൈവ വൈവിധ്യഘടനയിൽ വന്ന മാറ്റങ്ങളും ചില ജീവികളുടെ വർദ്ധനവിന് കാരണമാകാറുണ്ട്. അതിനുള്ള ഒരു ഉദാഹരണമാണ് കാട്ടിൽ കുറക്കൻറെ  എണ്ണം കുറയുക വഴി പന്നികളുടെ എണ്ണം  കൂടിയെന്നത്..

 

എങ്ങനെയാകണം പരിഹാരങ്ങൾ?

 

.തങ്ങളെ സംരക്ഷിക്കാൻ ഭരണകൂടം ഇല്ല എന്ന തോന്നൽ മനുഷ്യരിൽ ഉണ്ടാകുന്നതാണ് പ്രധാന പ്രശനം. വനം വകുപ്പുമായി കർഷകർ പലപ്പോഴും സംഘർഷത്തിലാണ്. കർഷകർ ദശാബ്ദങ്ങളായി കൃഷി ചെയ്തുവരുന്ന ഭൂമിയിൽ നിന്നും അവർക്കു മരം മുറിക്കാനുള്ള അനുവാദമില്ല.  വന്യമൃഗങ്ങൾ പുറത്തു വരുമ്പോൾ വകുപ്പിന് ഒരു ചുമതലയുമില്ല. മറുവശത്തു ആനത്താരയിൽ  ടെൻറ് കെട്ടി രാത്രി താമസം ഒരുക്കുന്നവരെ , തടയണകൾ നിർമ്മിക്കുന്നവരെ ഒക്കെ ഒന്നും ചെയ്യാറില്ല. കർഷകർക്കുള്ള നഷ്ടപരിഹാരം നൽകുന്നതിലെ കുറവും കാലതാമസവും ഇന്നേറെ വിമർശിക്കപ്പെടുന്നതാണ്. പഞ്ചായത്തു പോലുള്ള സംവിധാനങ്ങൾക്കു ഇതിൽ ഒരു പങ്കുമില്ല. ജനങ്ങളിൽ  ആത്മവിശ്വാസം ഉണ്ടാക്കുക എന്നത് അനിവാര്യവും അടിയന്തരവുമായ ആവശ്യമാണ്.

 

കർഷകരെ കയ്യേറ്റക്കാരായി ഒരു യഥാർത്ഥ പരിസ്ഥിതി സ്നേഹിയും കാണുന്നില്ല. കർഷകരെ കൂടെ നിർത്തിക്കൊണ്ട് മാത്രമേ കയ്യേറ്റക്കാരെ ഒഴിപ്പിച്ച് വനം സംരക്ഷിക്കാൻ കഴിയു. വനവും കാലാവസ്ഥയും ജലസ്രോതസ്സുകളും ജൈവവൈവിധ്യങ്ങളും എന്നേക്കും സംരക്ഷിക്കുക എന്നത് മറ്റാരെയുംകാൾ കർഷകരുടെ ആവശ്യമാണ്.  ഇപ്പോൾ കർഷകരെ സംരക്ഷിക്കാൻ എന്ന പേരിൽ  കയ്യേറ്റക്കാരാണ് മുന്നിൽ നിൽക്കുന്നത്. മറ്റാരും കൂടെയില്ലാത്തതിനാലാണ് കർഷകർ ഇതിനു കൂട്ട് നിൽക്കുന്നത് . ഇതിലെ അപകടം സർക്കാരും പൊതുസമൂഹവും തിരിച്ചറിയണം. കർഷകരാണ് ഭൂമിയിൽ പച്ചപ്പ്‌ നിലനിർത്തുന്ന പ്രധാന വിഭാഗം. കർഷകരും പരിസ്ഥിതി സംരക്ഷകരാണ് എന്നുള്ള തിരിച്ചറിവ് പൊതു സമൂഹത്തിനു അനിവാര്യമാണ്. അടുത്ത കാലത്തായി മാത്രം ഇത്രയധികം  വന്യജീവികൾ പുറത്തുവരുന്നതിനു പിന്നിൽ കയ്യേറ്റ മാഫിയകളുടെ പങ്കു എത്രയെന്നും കണ്ടെത്തണം.  എന്നാൽ വനം വകുപ്പും മറ്റും ഇവരോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്.

 

പരിഹാരങ്ങൾ ഹൃസ്വകാലം, ദീർഘകാലം എന്നിങ്ങനെ വേർതിരിച്ചു കാണണം ഒറ്റമൂലി പരിഹാരങ്ങൾ ഇല്ല എന്ന് മുൻകാല അനുഭവങ്ങൾ കാണിക്കുന്നു. ചില നടപടികൾ തൽക്കാലം  പരിഹാരമാണെന്നു കണ്ടാലും കാലം കഴിയുമ്പോൾ അത് മാറാം.മൃഗങ്ങൾ അത് മറികടന്നേക്കാം. സ്വയം പരിണാമങ്ങൾ സംഭവിക്കുന്നവയാണ് ഈ മൃഗങ്ങൾ. പരമ്പരാഗതമായി മൃഗങ്ങളെ ഓടിക്കാൻ ഉപയോഗിക്കുന്ന  ശക്തമായ ശബ്ദം, വെളിച്ചം, പടക്കം എന്നിവയുടെ പ്രയോഗം  ഒരിക്കലും ദീർഘകാല പരിഹാരമല്ല. ഉദാ. കുരങ്ങുകൾ പെട്ടെന്ന് തന്നെ ഇതിനെ തിരിച്ചറിയും.പ്രകൃതിദത്ത വേലികൾ,: മുള്ളുകൊണ്ടും മറ്റും വനാതിർത്തിയിൽ ഉള്ള വേലികൾ ഉണ്ടാക്കിയാൽ . ഇവയിലെ മുള്ളുകൾ കുരങ്ങു പോലുള്ള മൃഗങ്ങളെ ഒരു പരിധി വരെ തടയുന്നു. തേനീച്ച വേലികൾ:  ആനകളെ പ്രതിരോധിക്കാൻ നല്ലതാണ്. പക്ഷെ കരടികളെ ആകർഷിക്കുന്നു.  ശക്തമായ സൈറൺ മുഴക്കൽ  ചിലയിടങ്ങളിൽ ഫലപ്രദമാകാറുണ്ട്.: ഇത് ഗവേഷങ്ങൾക്കു ശേഷം സ്ഥാപിക്കേണ്ടതാണ്.

 

ആധുനിക കാലത്തു സ്വീകരിക്കുന്ന  വൈദ്യുത വേലികൾ: ഫലപ്രദമാണ്. നിരന്തരം അറ്റകുറ്റപ്പണികൾ വേണം. ചിലവും കൂടുതലാണ്. വൈദ്യുതീകരിച്ച മനുഷ്യക്കോലങ്ങൾ സ്ഥാപിക്കൽ: കടുവക്കും പുലിക്കും കാട്ടുപോത്തിനും കരടിക്കും  മനുഷ്യരെ ആക്രമിക്കുന്നതിൽ  നിന്നുള്ള  ഇത് പ്രതിരോധമാണ്. ഒരിക്കൽ ഷോക്ക് കിട്ടിയാൽ പിന്നെ മനുഷ്യരെ ആക്രമിക്കില്ല കിടങ്ങുകൾ ചില പ്രദേശങ്ങളിൽ ഫലപ്രദമാകാറുണ്ട്. പുത്തൻ സാകേതിക വിദ്യകൾ ഉപയോഗിച്ചുള്ള പരിഹാരങ്ങളും സാധ്യമാണ്.ആധുനിക കാലത്തു സ്വീകരിക്കുന്ന  വൈദ്യുത വേലികൾ: ഫലപ്രദമാണ്. നിരന്തരം അറ്റകുറ്റപ്പണികൾ വേണം.. സൗരോർജ വൈദ്യുത  വേലികളും റെയിൽപ്പാള  .മതിലുകളുമൊക്കെ നിർദ്ദേശിക്കപ്പെടുന്നുണ്ട് . പ്രധാന വിഷയം ഇക്കാര്യത്തിൽ സർക്കാരുകൾ പുലർത്തുന്ന ജാഗ്രത തന്നെയാണ്. സൗരോർജ വേലികൾ പോലെ സ്ത്ഥിരമായി അറ്റകുറ്റപ്പണികൾ ആവശ്യമാകുന്ന ഇടങ്ങളിൽ അതിനൊന്നും സർക്കാർ മിനക്കെടാറില്ല. വനം പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഫണ്ടുകൾ ഇന്ന് ധാരാളമായി ലഭിക്കാൻ സാധ്യതയുണ്ട്.  പലപ്പോഴും ഈ  ഫണ്ടുകൾ വേണ്ട രീതിയിൽ ഉപയോഗിക്കാറുമില്ല.

 

ചില അടിസ്ഥാനവിഷയങ്ങളിൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെ ശാശ്വത പരിഹാരം സാധ്യമാകില്ല.  കർഷകരടക്കം മലയോരത്തു ജീവിക്കുന്നവർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.. താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാശ്വതമായ വഴികൾ തേടാൻ നമ്മൾ തയ്യാറാകണം . മുൾമുനയിൽ നിന്ന് കൊണ്ട് ഒരു വിഭാഗം മനുഷ്യർക്ക് ജീവിക്കാൻ കഴിയില്ലല്ലോ. ശാസ്ത്രീയമായ പഠനങ്ങൾ ഉടനെ നടക്കണം. മുമ്പ് സൂചിപ്പിച്ചതു പോലെ വനത്തിന്റെ അവസ്ഥ, വന്യമൃഗങ്ങളുടെ എണ്ണം,മൃഗങ്ങളെ   ഉൾക്കൊള്ളാൻ വേണ്ട സംവഹന ശേഷി, ശാസ്ത്രീയമായ സഞ്ചാരപഥങ്ങൾ.. ഇങ്ങനെ പലതും പഠനവിധേയമാക്കണം. ആനകൾ പോകുന്ന എല്ലാ വഴികളും  ആനത്താരയല്ല . മറിച്ച് മനുഷ്യർ ജീവിക്കുന്ന ചില ഇടങ്ങൾ ആനത്താരയാണെന്നു  കണ്ടാൽ അത് ആനകൾക്കു വിട്ടു കൊടുക്കുകയും വേണം. ഇനി അവശേഷിക്കുന്ന വനങ്ങൾ അതിന്റെ സ്വാഭാവിക ശേഷിയിൽ സംരക്ഷിക്കപ്പെടണം. കർഷകർക്ക് സ്വന്തം ഭൂമി ഇത് പുനഃസ്ഥാപിക്കാനായി വിട്ടു നൽകാൻ കഴിയില്ല. ഇതിൽ സർക്കാർ ഇടപെടണം. ഏറ്റവും ന്യായമായ നഷ്ടപരിഹാരവും പുൻരാധിവാസവും നൽകണം. നിയമവിരുദ്ധമായ എല്ലാ ഇടപെടലുകളും അവസാനിപ്പിക്കണം. അങ്ങനെ നമുക്കെത്താൻ കഴിയുന്ന തീരുമാനങ്ങൾ നടപ്പാക്കണം. നേരത്തെ സൂചിപ്പിച്ചതു പോലെ വന്യമൃഗങ്ങളുടെ എണ്ണത്തിൽ കാര്യമായ വര്ധനവുണ്ടായിട്ടുണ്ടെന്നു കണ്ടാൽ അവയെ നിയന്ത്രിക്കണം. ഇതിനെല്ലാം സർക്കാർ മുൻ  കയ്യെടുക്കണം. അതിനായി മുഴുവൻ സമൂഹവും കര്ഷകര്ക്കൊപ്പം നിൽക്കണം.

---------------------------

Comments

Popular posts from this blog

കുടിവെള്ളം വില്പനയ്ക്ക് സ്വകാര്യ കമ്പനി : ഉമ്മന്‍ചാണ്ടിയുടെ നവവത്സര സമ്മാനം.