മധു ആൾക്കൂട്ടക്കൊലക്കേസ് : സർക്കാരും സമൂഹവും ചെയ്യേണ്ടിയിരുന്നത്?

സി ആർ നീലകണ്ഠൻ

 

അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്  നീതി കിട്ടിയോ? മരിച്ചവർക്കെന്തു നീതി എന്ന് ചോദിച്ചേക്കാം. എന്നാൽ ജീവിച്ചിരിക്കുന്ന മധുവിന്റെ അമ്മയും സഹോദരിയുമടങുന്ന കുടുംബങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ നീതി കിട്ടിയോ എന്നതാണ് ചോദ്യം. കേസിന്റെ വിധി ഇക്കഴിഞ്ഞ ദിവസം വന്നു. കുറ്റാരോപിതാരായ 16 പേരിൽ രണ്ടുപേരൊഴികെ   എല്ലാവരും കുറ്റക്കാരെന്നു മണ്ണാർക്കാട് എസ് സി- എസ് ടി പ്രത്യേക കോടതി കണ്ടെത്തി. അവരിൽ ഒരാളൊഴികെ പതിമൂന്നു പേർക്കും ഏഴു വർഷത്തെ കഠിന തടവിന് വിധിച്ചു. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. അവരെ ശിക്ഷിക്കാൻ വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നില്ല എന്ന് കോടതി. പതിനാറാം പ്രതിക്ക് മൂന്നു മാസത്തെ തടവും ചെറിയൊരു സംഖ്യ പിഴയും മാത്രം. റിമാൻഡ് കാലത്തെ തടവു ശിക്ഷയായി പരിഗണിച്ചുകൊണ്ട് പിഴ നൽകി പോകാൻ കഴിയും.

സർക്കാരും സമൂഹവും ഇവരോട് നീതി കാട്ടിയിട്ടില്ലെന്നു ഈ കേസിന്റെ നാൾവഴികൾ പരിശോധിക്കുന്ന ആർക്കും  ബോധ്യമാകും. കടകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചു  എന്നാരോപിച്ചാണ് 2018 ഫെബ്രുവരി 22 നു ഒരു സംഘം നിയമവിരുദ്ധമായി വനത്തിൽ കടന്നു ചെന്ന് ഒരു ഗുഹയിൽ ജീവിക്കുകയായിരുന്ന മധു എന്ന യുവാവിനെ കൈകൾ കൂട്ടിക്കെട്ടി, ക്രൂരമർദ്ദനങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയനാക്കി മയിലുകൾ നടത്തിച്ച് മുക്കാലിയിൽ എത്തിച്ചത്. മധുവിൽ നിന്നും കണ്ടെടുത്തു എന്ന് പറയപ്പെടുന്ന അരിച്ചാക്കും തലയിൽ ചുമപ്പിച്ചിരുന്നു. ഈ നിന്ദ്യമായ പ്രവൃത്തികളെല്ലാം വീഡിയോയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. ഈ കേസിന്റെ വിധി പരിശോധിക്കുന്നതിന് മുൻപ് വനനിയമങ്ങൾ, പട്ടിക ജാതി പട്ടികവര്ഗങ്ങള്ക്കെതിരായ അതിക്രമങ്ങൾ  തടയൽ നിയമം, എല്ലാത്തിനും പുറമെ ഇന്ത്യൻ ശിക്ഷാനിയമം മുതലായവയെല്ലാം അനുസരിച്ച് തങ്ങൾ ചെയ്യുന്നത് കൊടും കുറ്റമാണെന്ന് അറിയാത്തവരല്ലല്ലോ ഇങ്ങനെ ചെയ്തത്. സാമൂഹ്യമാധ്യമങ്ങളിൽ വന്നതോടെ ഈ കുറ്റങ്ങൾ മറച്ചുപിടിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്നതും  പകൽ പോലെ വ്യക്തമാണ്. എന്നിട്ടും ഇങ്ങനെ ചെയ്യാൻ ആ ആൾക്കൂട്ടത്തിനു കഴിയുന്നതെന്തു കൊണ്ട്?   ആക്രമണം നടത്തിയവരെ കേവലം ഒരു ആൾക്കൂട്ടമായി കാണാൻ കഴിയില്ല. അവരെല്ലാം വംശീയമായി ആദിവാസികൾക്കെതിരാണ്. അഥവാ ഒരു വംശത്തിനെതിരെ മറ്റൊരു കൂട്ടർ നടത്തിയ ആക്രമണവും കൊലപാതകവുമായിരുന്നു അത്.ഇത്രയധികം മർദ്ദനമേറ്റാൽ തീർത്തും ദുർബലനായ ആ യുവാവ് മരിക്കും എന്നും അവർക്കറിയാം. അപ്പോൾ ഇതിനെ എങ്ങനെയാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്ന് പറയുന്നത്?
എന്തായിരുന്നു ആ ആൾക്കൂട്ടത്തിന്റെ ധൈര്യം? അതാണ് കേരളത്തെ ചിന്തിപ്പിക്കേണ്ടത്. ഉത്തരേന്ത്യയിലും മറ്റും ദളിത് ആദിവാസികൾക്കും ന്യുനപക്ഷങ്ങൾക്കുമെതിരെ നിരന്തരം ആൾക്കൂട്ട ആക്രമണങ്ങളും കൊലകളും നടക്കുമ്പോൾ നമ്മൾ കരുതിയിരുന്നത് കേരളം അങ്ങനെയല്ല എന്നയിരുന്നു. നവോത്ഥാനവും പുരോഗമനവും ഇടതുപക്ഷ മൂല്യങ്ങളും ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് നമ്മുടെ സമൂഹം എന്ന തെറ്റിധാരണയാണ് ഇവിടെ തകർന്നു വീണത്. ഈ ആദിവാസിയെ എന്ത് ചെയ്താലും തങ്ങൾ ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല എന്ന ഉറപ്പാണല്ലോ അവരുടെ ധൈര്യം. നാളിതവരെ ഇന്നാട്ടിൽ നടന്നിട്ടുള്ള ദളിതർക്കും ആദിവാസികൾക്കുമെതിരായ   അതിക്രമങ്ങളിലും കൊലകളിലും കാര്യമായി ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന ചരിത്രം തന്നെയല്ലേ അവരുടെ ധൈര്യം. വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊലചെയ്യപ്പെട്ടിട്ടും ആ കേസിൽ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല എന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് നമുക്ക് വളരെ മുമ്പേ ബോധ്യമായതാണ്.

സ്വാതന്ത്ര്യാനന്തര  ഭാരതത്തിലെ ഭരണഘടനാ തയ്യാറാക്കാൻ ഡോക്ടർ അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയതിന്റെ ലക്‌ഷ്യം തന്നെ സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിറകോട്ടടിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നല്ലോ. അവർ അത് തെറ്റില്ലാതെ തന്നെ തയ്യാറാക്കുകയും ചെയ്തു. എന്നാൽ  ആ ഭരണഘടന നിലവിൽ വന്നു ഏഴു പതിറ്റാണ്ടിലേറെ പിന്നിടുമ്പോഴും കേരളം പോലൊരു സംസ്ഥാനത്തിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ നാം ദയനീയമായി പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരില്ലേ? ഇന്ന് പലരും  കൊട്ടിഘോഷിക്കുന്ന കേരള വികസന മാതൃകയിൽ ഒരിടത്തും ആദിവാസി സമൂഹങ്ങളില്ല എന്ന് കണ്ടെത്താൻ  വലിയ ഗവേഷണമൊന്നും വേണ്ട. നമ്മുടെ പൊതു സമൂഹത്തിന്റെ സൂചകങ്ങളായ  ശിശുമരണനിരക്കും ഗർഭിണികളുടെ മരണനിരക്കും പോഷകാഹാരക്കുറവും വളരെ ഉയർന്ന രോഗാതുരതയുമെല്ലാം അവരെ വംശനാശത്തിലേക്കു നയിക്കുന്നു എന്നതാണ് സത്യം. ഇവരുടെ പേരിൽ ചിലവാക്കുന്ന കോടികൾ നൂറുകണക്കിന്  എവിടേക്കു പോകുന്നു എന്ന് അന്വേഷിക്കാൻ കഴിയുന്നില്ല. കാരണം അതന്വേഷിക്കേണ്ടവർ തന്നെയാണ് കൊള്ളയടിക്കുന്നത്. ഈ കൊള്ള സംഘത്തിന് സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പിൻബലമുള്ള യൂണിയനുകൾ ഉണ്ട്. പോലീസും നീതിന്യായ സംവിധാങ്ങളുമൊന്നും ഈ ജനതക്കൊപ്പം  ഇല്ല എന്നത് തന്നെയല്ലേ ആൾക്കൂട്ടങ്ങളുടെ ആത്മവിശ്വാസവും.

നമുക്ക് മധുവിന്റെ  കൊലപാതകത്തിലേക്ക് തന്നെ തിരിച്ചു വരാം. ഇപ്പോൾ പ്രതികളെ ശിക്ഷിച്ചതിൽ അത്യധികം ആഹ്ളാദിച്ചു കൊണ്ട് കേരളത്തിലെ പോലീസും ഭരണകൂടവും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയകക്ഷിയുമെല്ലാം രംഗത്തു വരുന്നത് കാണുമ്പോൾ എത്ര അപഹാസ്യമാണ് ഇവരുടെ അവകാശവാദങ്ങൾ എന്ന് ബോധ്യമാകും. 2018 ഫെബ്രുവരി 22ന്  നടന്ന കൊലയുടെ വിചാരണ കാര്യക്ഷമമായി ആരംഭിച്ചത് നാലര വർഷങ്ങൾ പിന്നിട്ടു 2022 ആഗസ്റ്റിലാണ്. കേരളത്തിൽ ഇതേ കാലത്തു നടന്ന മറ്റു ജനവിഭാഗങ്ങൾക്കെതിരായ ഒരു കേസും ഇത്രമാത്രം വൈകിയിട്ടില്ല. (കൂടാത്തായിയും ഉത്ര  വധക്കേസുമെല്ലാം ഉദാഹരണം) മറ്റു പല കേസുകളിലും പ്രതികൾ ആരെന്നു  തേടിപ്പിടിക്കേണ്ട ബാധ്യത പോലീസിനുണ്ടായിരുന്നു. എന്നാൽ ഈ കേസിൽ തങ്ങളാണ് ആൾക്കൂട്ട ആക്രമണം നടത്തിയതെന്ന് പ്രതികൾ തന്നെ വീഡിയോ വഴി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയതാണ്.  ആ ഡിജിറ്റൽ തെളിവുകളാണ് ഇപ്പോഴും കേസിനാധാരമായിട്ടുള്ളത്. പൊലീസിന് ആ തെളിവുകൾ വച്ച് കൊണ്ട് മാസങ്ങൾക്കകം പ്രതികളെ വിചാരണ ചെയ്തു ശിക്ഷിക്കാമായിരുന്നല്ലോ. ഒന്നും ഉണ്ടായില്ല. എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പോലീസും  പ്രോസിക്യൂഷനും വരുത്തിയ വീഴ്ചകളായിരുന്നു അതിനു കാരണം. കേസിലെ സാക്ഷികളെ വേണ്ടത് പോലെ പരുവപ്പെടുത്താൻ  പ്രതികൾക്ക് വേണ്ടത്ര  കിട്ടി. അതുകൊണ്ട് തന്നെയാണ് പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതും. പ്രോസിക്യൂഷൻ സാക്ഷികൾ കോടതിയിൽ വന്നിരുന്നത് പ്രതികൾ ഏർപ്പാടാക്കിയ വാഹങ്ങളിൽ ആയിരുന്നു എന്നതൊരു രഹസ്യമല്ല. നിരവധി തവണ പ്രതികൾ സാക്ഷികളെ ഫോണിൽ വിളിച്ചതിന്റെ രേഖകൾ ഉണ്ട്. 2018  മാർച്ച് നാലുമുതൽ മെയ് 31 വരെ മാത്രമാണ് പ്രതികൾ റിമാൻഡിൽ കഴിഞ്ഞത്. ഹൈക്കോടതി അവർക്കു ജാമ്യം നൽകിയതിനെ സർക്കാർ ഫലപ്രദമായി എതിത്തില്ല. ഒരു കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ ഭാഗം എതിർക്കുന്നതിനുള്ള പ്രധാന കാരണം സാക്ഷികളെ സ്വാധീനിക്കും എന്നതാണ്. എന്നാൽ ഇവിടെ പൊലീസോ മറ്റുള്ളവരോ ഇതൊന്നും കണ്ടതായി പോലും  നടിച്ചില്ല. സാക്ഷികൾക്കു മേൽ പ്രതികളുടെ സമ്മർദ്ദം തടയുന്നതിന് വേണ്ടി അവർക്കു ആവശ്യമായ സംരക്ഷണം നല്കണമെന്ന നിർദ്ദേശങ്ങൾ നിരവധി നിയമ കമ്മീഷനുകൾ ശുപാർശ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തലിനു വിധേയരാകുന്ന സാക്ഷികൾക്ക് പരാതി നൽകാൻ ക്രിമിനൽ നടപടിച്ചട്ടങ്ങളിലെ 195 എ ഖണ്ഡിക അനുവദിക്കുന്നുണ്ട്. എന്നാൽ നിയമപരിഷ്‌കാരങ്ങൾ കൊണ്ട് മാത്രം ഒരു ഫലവുമില്ലെന്നു കാണാം. കേസിലെ 24 സാക്ഷികൾ കൂറുമാറിയതിന്റെ പിന്നിലെ പ്രേരണകൾ കാണാൻ സർക്കാരിനും കഴിഞ്ഞില്ല. പേരിനു ഒരു ആക്ഷൻ കൗൺസിൽ അവിടെ ഉണ്ടാക്കിയിരുന്നു. എന്നാൽ അതെല്ലാം നിഷ്പ്രഭമാക്കാനും പ്രതിഭാഗത്തിനു എളുപ്പം കഴിഞ്ഞിരുന്നു.
 
പിന്നെ വര്ഷങ്ങളോളം കാര്യമായൊന്നും സംഭവിച്ചില്ല. കേസ് കോടതിയിൽ വരുമ്പോൾ സർക്കാരിന് വേണ്ടി ഹാജരാകാൻ പലപ്പോഴും വക്കീൽ തന്നെ  ഉണ്ടായിരുന്നില്ല. കോടതിക്ക് തന്നെ ഇക്കാര്യം പരസ്യമായി പറയേണ്ടി വന്നു.  അതിനു ചുമതലയേറ്റവർ പലപ്പോഴും ഹാജരായില്ല. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിക്കപ്പെട്ടവർക്കുള്ള പ്രതിഫലം നൽകാൻ  സർക്കാർ തയ്യാറായില്ല. സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് കേസ് നടത്താൻ  അവർ തയ്യാറായില്ല. എല്ലാ ആശകളും നശിച്ചപ്പോഴാണ് വിഎം മാഴ്സൺ അടക്കമുള്ള ചില സാമൂഹ്യപ്രവർത്തകർ അമ്മക്ക് സഹായവുമായി എത്തുന്നത്. വാളയാർ പെൺകുട്ടികളുടെ കേസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ  ആയിരുന്നു അത്. വാളയാർ അമ്മയുടെ പിൻബലവും മധുവിന്റെ അമ്മയ്ക്കും സഹോദരിക്കും ധൈര്യം  പകര്ന്നു. കേസ് മുന്നോട്ടു പോകാത്തതിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് 'അമ്മ ഹൈക്കോടതിയിലെത്തി. ഭരണഘടനയുടെ 227 വകുപ്പനുസരിച്ചു വിചാരണക്കോടതിക്കു മേൽ ഹൈക്കോടതിക്കു മേൽനോട്ടാധികാരം ഉണ്ട്. അത് പ്രയോഗിച്ചപ്പോഴാണ് കേസിന്റെ ഗതി തന്നെ മാറിയത്.
2022 ഫെബ്രുവരിയിലാണ്  സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അമ്മ ഡിജിപിയെ സമീപിക്കുന്നത്. വാളയാർ കേസിലെ  അമ്മക്ക് വേണ്ടി ഹാജരായിരുന്നു അഡ്വ. രാജേന്ദ്രനും അദ്ദേഹത്തെ സഹായിക്കുന്ന അഡ്വ രാജേഷ് മേനോനും രംഗത്തു വരുന്നത് അങ്ങനെയാണ്. എന്നാൽ അഡ്വ രാജെന്ദ്രന്റെ ഇടപെടലിൽ അമ്മയ്ക്കും സഹോദരിക്കും അവിശ്വാസം ജനിച്ചു. 2022 ജൂൺ മാസത്തിൽ കേസ് കോടതിയിൽ വന്നപ്പോൾ രാജേന്ദ്രനെ ഒഴിവാക്കണം എന്ന് അമ്മ ആവശ്യപ്പെട്ടു. പ്രോസിക്യൂട്ടറെ മാറ്റാൻ തനിക്കു അധികാരമില്ലെന്ന് പറഞ്ഞു കൊണ്ട് കോടതി കേസിന്റെ വിചാരണ നിർത്തി വച്ചു . അമ്മ വീണ്ടും ഉന്നതരുടെ അടുത്തെത്തി. അങ്ങനെ അഡ്വ രാജേഷ് മേനോനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി 2022 ജൂലൈ ഏഴിന് നിയമിച്ചു.
 
ഈ കേസിന്റെ യഥാർത്ഥ ആരംഭം ഇവിടെ നിന്നായിരുന്നു എന്നും പറയാം. വിചാരണ ആരംഭിക്കുമ്പോൾ തന്നെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്ന അവസ്ഥയുണ്ടായതിനാൽ ആഗസ്റ്റ് പത്തിന് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ  കോടതയിൽ ഹർജി നൽകി. കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെട്ട ജഡ്ജി 16 പ്രതികളുടെയും ജാമ്യം റദ്ദാക്കി. നാലര വർഷമായി പുറത്തു സ്വൈരവിഹാരം നടത്തിയിരുന്നവർ അകത്തായി. പിന്നെ സാക്ഷി വിസ്താരത്തിന്റെ നാടകങ്ങൾ ആയിരുന്നു. കൂറുമാറിയ സാക്ഷി വീണ്ടും കൂറുമാറിയതും നമ്മൾ കണ്ടു. തന്റെ തന്നെ ചിത്രങ്ങൾ തിരിച്ചറിയാൻ കഴിയില്ലെന്ന് കോടതിയിൽ പറഞ്ഞ സാക്ഷിയുടെ കണ്ണ് പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. ഒരു കുഴപ്പവുമില്ലെന്ന് കണ്ട് സാക്ഷിക്ക് സത്യം പറയേണ്ടി വന്നു. സർക്കാർ ഉദ്യോഗസ്ഥരായ ചില സാക്ഷികൾ കൂറുമാറാൻ  തുടങ്ങിയപ്പോൾ സർക്കാരിന് ഇടപെടേണ്ടി വന്നു. കൂറുമാറിയ സാക്ഷികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതും ഇതിന്റെ പ്രത്യേകതയാണ്.  ഡിജിറ്റൽ തെളിവുകളുടെ സാധുത ഉറപ്പു വരുത്തുന്ന നടപടികൾക്കാണ് ഏറെ സമയം ചിലവഴിക്കേണ്ടി വന്നത്. . ഈ വര്ഷം മാർച്ച് രണ്ടിന് സാക്ഷിവിസ്താരവും മറ്റു നടപടികളും തീർന്നു. മാർച്ച് പതിനെട്ടിന് വിധി പറയാൻ മാറ്റിവച്ചു. അതിനു ശേഷമാണ് ഏപ്രിൽ നാലിന് പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയതും അഞ്ചിന് അവരക്കുള്ള ശിക്ഷ വിധിച്ചതും. ചുരുക്കത്തിൽ കേവലം നാലഞ്ചു മാസങ്ങൾ കൊണ്ട് തീർക്കാവുന്ന ഒരു കേസ് അഞ്ചു വര്ഷം വൈകിച്ചതെന്തു കൊണ്ട്? അത്രയും വൈകിയതുകൊണ്ട് തന്നെയാണ് സാക്ഷികളുടെ കൂട്ടക്കൂറുമാറ്റങ്ങൾ ഉണ്ടായതും, പ്രതികളുടെ ശിക്ഷ ഇത്ര കുറഞ്ഞു പോയതും എന്ന് വ്യക്തമാണ്.
ഈ കേസിന്റെ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ പോലീസും സർക്കാരും ഒരു താല്പര്യവും കാണിച്ചില്ല എന്നിടത്ത്  നിന്ന് തന്നെ തുടങ്ങണം. ഇത് ഒരു സർക്കാരിന്റെയോ ഭരണകക്ഷിയുടെയോ മാത്രം വിഷയമായി കാണാൻ കഴിയില്ല. കേരളീയ പൊതുസമൂഹം ഒരു ആദിവാസിയുടെ മരണത്തെ അത്ര ഗൗരവമായി കാണുന്നില്ല. പുറത്തു നിന്നുള്ള സാമൂഹ്യപ്രവർത്തകരും ഒപ്പം മാധ്യമങ്ങളും വിഷയത്തിൽ സജീവമായി ഇടപെട്ടത് കൊണ്ട് മാത്രമല്ലേ ഇപ്പോഴെങ്കിലും , ഇത്രയെങ്കിലും സാധ്യമായത്? ഒരു രാഷ്ട്രീയ കക്ഷിയും ഇക്കാര്യത്തിൽ   പോലും വേവലാതി ഉള്ളവരായി കണ്ടിരുന്നില്ല. ഈ വിധിക്കു ശേഷവും  ആദിവാസികളെ കൊന്നാൽ പോലും വലിയ പ്രശ്‌നമല്ല എന്ന രീതിയിൽ  പോസ്റ്റിടാൻ കഴിയുന്ന ചിലർ ഇന്നാട്ടിൽ ഉണ്ടെന്നും കാണണം. വന്യമൃഗങ്ങളും ആദിവാസികളുമാണ് ഈ നാട്ടിൽ വികസനത്തിന് തടസമെന്നു വാദിക്കുന്ന ചില ഡാറ്റ  വീരന്മാരും ഇവിടെ ഉണ്ട്. അതെന്തായാലും വിധിന്യായത്തിൽ തന്നെ വ്യക്തമായി പറയുന്നത് പോലെ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ ഈ കേസിന്റെ പുരോഗതിക്കു ശക്തമായ പ്രേരണ നൽകി. സർക്കാരിനും ഉദ്യോഗസ്ഥർക്കും ഒരു തരത്തിലും  ഉദാസീനരാകാൻ കഴിയില്ലെന്ന അവസ്ഥ വന്നത് അത് കൊണ്ടാണ് ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ കടമയാണിത് എന്നവർ തിരിച്ചറിഞ്ഞു.  ഇത്തരം ഇടപെടലുകൾ അസഹനീയമെന്നു കരുതുന്ന ഭരണപക്ഷക്കാർ അവരെ മാ പ്രകൾ  എന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്തു കൊണ്ടാണ് എന്ന് ഇപ്പോൾ മനസ്സിലായി. മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിന്റെ കൂടി ബലത്തിൽ . ആത്മാർത്ഥതയോടെ ഇടപെടാൻ സാമൂഹ്യപ്രവർത്തകരും സംഘടനകളും ഉണ്ടായി.

കേവലം നാല് വർഷങ്ങൾ വൈകിച്ചത് മാത്രമല്ല പ്രശ്നം. ഈ കേസിൽ ഇടപെടാൻ നിയോഗിക്കപ്പെട്ട സ്പെഷ്യൽ പ്രോസിക്യൂട്ടർക്കു ആവശ്യമായ ഫീസും  മറ്റും നൽകാൻ സർക്കാർ തയ്യാറാകാതിരുന്നതെന്തു കൊണ്ട് ? ഈ കേസിൽ അതി ശക്തമായി ഇടപെട്ട രാജേഷ് മേനോൻ സ്വന്തംകൈയിൽ നിന്നും പനമെടുത്തു ചിലവാക്കിയാണ് കേസ് നടത്തിയത്. അതിന്റെ ചിലവുകൾ സർക്കാരിന് സമർപ്പിച്ചപ്പോൾ അത്രയൊന്നും നൽകാൻ നിയമം അനുസരിക്കുന്നില്ലെന്നാണത്രെ മറുപടി കിട്ടിയത്. ഒന്നര ലക്ഷ്യമായിരുന്നു അത്രേ അദ്ദേഹം  സമർപ്പിച്ച തുക. അതിന്റെ പാതി പോലും നൽകുന്നില്ല. ഇവിടെയാണ് ഭരണകൂടങ്ങളുടെ വിവേചനം പ്രകടമാകുന്നത്. സ്വന്തം പാർട്ടിക്കാർ പ്രതികളായ കേസുകളിൽ സിബിഐ അന്വേഷണം വരാതിരിക്കാൻ ദശലക്ഷക്കണക്കിനു, ചിലപ്പോൾ കോടികൾ തന്നെയും മുടക്കാൻ ഒരു നിയമതടസ്സവും ഇല്ലാത്ത സർക്കാരിന് ഈ കേസിൽ ഒന്നര ലക്ഷം നൽകാൻ വകുപ്പില്ല. ആദിവാസികൾക്കും എസ് സി വിഭാഗക്കാർക്കും വേണ്ടി നീക്കി  വക്കപ്പെട്ടിട്ടുള്ള നൂറുകണക്കിന് കോടികൾ ചിലവഴിക്കാതെ പാഴായി പോകുമ്പോഴാണ് ഈ അവസ്ഥ എന്നും അറിയുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും നിയമം പാലിക്കാതെ ദശലക്ഷങ്ങൾ പാര്ട്ടിക്കാർക്ക്  നൽകാൻ  മടിയില്ലാത്തവരാണ് ആദിവാസികൾക്കുള്ള പണത്തിന്റെ കാര്യത്തിൽ ബലം പിടിക്കുന്നത്. ഇതാണ് യഥാർത്ഥമായി ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയം.
 
ഈ വിധിയിലൂടെ കേരളം ലക്ഷ്യമിടേണ്ടത് എന്തായിരുന്നു? ഈ കേസിന്റെ വിചാരണയുടെ അന്ത്യഘട്ടങ്ങളിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൾക്കൂട്ട പീഡനം മൂലം വിശ്വനാഥൻ എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുന്നത്. ക്രിമിനോളജി പറയുന്നത് ഒരു കേസിലെ ശിക്ഷ അത്തരം കുറ്റങ്ങൾ ആവർത്തിക്കുന്നത് തടയാൻ സഹായകമാകണം എന്നതാണ്. അതിവിടെ സാധ്യമാകുന്നുണ്ടോ? നമ്മുടെ പോലീസ് സംവിധാനം ഫലപ്രദമാണ്. എന്നാൽ സ്വതന്ത്രമായി അവർക്കു പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം. പൊതു സമൂഹത്തിന്റെ നിലപാടുകൾ തന്നെയാണ് അവരുടെതും എന്ന പ്രശനവും ഉണ്ട്. പാർശ്വവൽക്കരിക്കപ്പെടുന്നവർക്കൊപ്പം നിൽക്കുക എന്നത് ഒരു ജനാധിപത്യസർക്കാരിന്റെ കടമയാണ്. ഇടതുപക്ഷം എന്നവകാശപ്പെടുന്നവർക്കു ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇവിടെ അവരെല്ലാം വേട്ടക്കാർക്കൊപ്പമാണ്. പൊതുപ്രവർത്തകരും മാധ്യമങ്ങളും ശക്തമായി ഇടപെട്ടാൽ മാത്രം അനങ്ങുന്ന ഒന്നായി അത് മാറിയിരിക്കുന്നു. ഇതാണ് നമ്മെ ഭയപ്പെടുത്തുന്നത്
 

Comments

Popular posts from this blog

കുടിവെള്ളം വില്പനയ്ക്ക് സ്വകാര്യ കമ്പനി : ഉമ്മന്‍ചാണ്ടിയുടെ നവവത്സര സമ്മാനം.